query_builder Fri 18 Mar 2022 12:26 am
visibility 467
കാഞ്ഞാണി : വാളമുക്കിൽ ശ്രീരാമൻചിറ പാടശേഖരത്തിൽ ഡബിൾ കോൾ പദ്ധതി പ്രകാരം അഞ്ചേക്കറിൽ കൃഷി ചെയ്ത സൂര്യകാന്തി പൂക്കൾ വിരിഞ്ഞത് വർണക്കാഴ്ച്ചയായി. കോയമ്പത്തൂരിൽ നിന്നും കൊണ്ടു വന്ന വിത്താണ് വിതക്കാൻ ഉപയോഗിച്ചത്. സമൃദ്ധിയായി സൂര്യകാന്തി പൂക്കൾ പാടത്താകെ വിരിഞ്ഞു കഴിഞ്ഞത് നമ്മുടെ നാട്ടിലും സൂര്യകാന്തി വിജയകരമായി കൃഷി ചെയ്യാമെന്നതിന് തെളിവാണെന്ന് കർഷകർ പറയുന്നു. ശ്രീരാമൻചിറ പാടശേഖര സമിതിയുടെ അധ്വാനത്തിന്റെ ഫലമാണിത്. ദിവസവും വെള്ളമൊഴിക്കാനും പരിപാലിക്കാനും കർഷകരും കുടുംബവും മുന്നിട്ടിറങ്ങി. നല്ല തുകക്ക് ഇവ വിറ്റഴിക്കാമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്. ഇവിടുത്തെ സൂര്യകാന്തി കൃഷി ഒരു മോഹം കൊണ്ടു ചെയ്തു നോക്കിയതാണെന്ന് മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. എള്ള് കൃഷിയിറക്കുന്നതിനിടെ തോന്നിയ ആശയമാണിത്. ഇതിലൂടെ സൂര്യകാന്തി കൃഷി ചെയ്യാൻ കൂടുതൽ കർഷകരെ ആകർഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിത്തിട്ട് 55 ദിവസം കൊണ്ട് പൂക്കൾ വിരിഞ്ഞു തുടങ്ങി. നിലം ഉഴുതു മറിച്ച് വാരം കോരിയാണ് വിത്തിട്ടത്. താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളോടൊപ്പം കൃഷി വകുപ്പും സഹകരിച്ചാണ് കൃഷിയിറക്കിയത്.