query_builder Tue 22 Mar 2022 5:28 am
visibility 674

ന്യൂഡല്‍ഹി: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തോടുള്ള നിലപാടില്‍ തങ്ങളുടെ പ്രധാന സഖ്യകക്ഷികളില്‍ ഇന്ത്യ ഒരു അപവാദമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യന്‍ അധിനിവേശത്തോടുള്ള ഇന്ത്യയുടേത് ചഞ്ചലമായ നിലപാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പുടിന്റെ ആക്രമണത്തെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ജപ്പാനും ഓസ്‌ട്രേലിയയും വളരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ക്വാഡ് പങ്കാളികളായ ഓസ്‌ട്രേലിയ, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ റഷ്യക്കെതിരെ ഒരു ഉപരോധവും ഏര്‍പ്പെടുത്തിയിട്ടില്ല. കൂടാതെ ഐക്യരാഷ്ട്രസഭയില്‍ മോസ്‌കോയെ അപലപിക്കുന്ന വോട്ടുകളില്‍ ചേരാന്‍ വിസമ്മതിച്ചതായും ബൈഡന്‍ പറഞ്ഞു. വാഷിംഗ്ടണില്‍ യുഎസ് വ്യവസായ പ്രമുഖരുടെ യോഗത്തില്‍ സംസാരിക്കവേയാണ് ഇന്ത്യക്കെതിരെ ബൈഡന്‍ പ്രതികരിച്ചത്. അതേസമയം റഷ്യന്‍ പ്രസിഡന്റ് പുടിനെതിരായ നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉള്‍പ്പെടെ യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ നടപടികളെ ബൈഡന്‍ അഭിനന്ദിച്ചു. നാറ്റോയിലും പസഫിക്കിലും ഒരു ഐക്യമുന്നണി ഉണ്ടായിരുന്നതായും പുടിന്‍ നാറ്റോയെ വിഭജിക്കാന്‍ കഴിയുമെന്ന് കണക്കുകൂട്ടുന്നതായും ബൈഡന്‍ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും നാറ്റോയുടെ ചരിത്രത്തില്‍ ഇന്നത്തെക്കാള്‍ ശക്തവും ഐക്യവുമായിരുന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാന്‍ സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന് എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read also: സോളാർ മാനനഷ്ടക്കേസ്: വി.എസ് നല്‍കിയ അപ്പീല്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും