query_builder Tue 22 Mar 2022 9:35 am
visibility 719

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിര്‍ഭൂമില്‍ 10 പേരെ ജീവനോടെ ചുട്ടുകൊന്നു. ബിര്‍ഭൂമിലെ രാംപൂര്‍ഹട്ടിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ക്രൂഡ് ബോംബ് എറിഞ്ഞ് തൃണമൂല്‍ നേതാവ് ഭാദു ഷെയ്ഖ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ഷെയ്ഖിന്റെ കൊലയില്‍ പ്രതിഷേധിച്ച ജനക്കൂട്ടം വീടുകള്‍ ആക്രമിക്കുകയും ഡസനിലേറെ വീടുകള്‍ക്ക് തീയിടുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. മരിച്ചവരില്‍ 10 സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതായി അഗ്നിശമന സേന അവകാശപ്പെട്ടു. തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഷെയ്ഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം ഭാദു ഷെയ്ഖിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് വീടുകള്‍ കത്തിച്ചതെന്ന് സിപിഎം ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും സിപിഎം നേതാവ് സുജന്‍ ചക്രവര്‍ത്തി ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അനുബ്രത മണ്ഡല്‍ ആരോപണം നിഷേധിച്ചു. കൊലപാതകമോ, അക്രമമോ ഉണ്ടായിട്ടില്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും മണ്ഡല്‍ അവകാശപ്പെട്ടു. സിപിഐഎം ഭരണകാലത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് സമാനമാണ് സംഭവമെന്ന് ബിജെപി ആരോപിച്ചു. പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.