query_builder Tue 22 Mar 2022 2:35 pm
visibility 618

കീവ്: യുക്രെയ്‌നില്‍ നിന്ന് റഷ്യന്‍ സൈന്യം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി കീവിലെ യുഎസ് എംബസി. കിഴക്കന്‍ ഡൊനറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളില്‍ നിന്ന് ആയിരക്കണക്കിന് യുക്രേനിയന്‍ കുട്ടികളെ നിയമവിരുദ്ധമായി നീക്കം ചെയ്ത് റഷ്യയിലേക്ക് കൊണ്ടുപോയതായി യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു. അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണ് നടപടിയെന്നും എംബസി വിശേഷിപ്പിച്ചു. സഹായമല്ല നടക്കുന്നതെന്നും തട്ടിക്കൊണ്ടുപോകലാണെന്നും യുഎസ് എംബസി വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ മോസ്‌കോയില്‍ നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകലുകള്‍ നടക്കുന്നുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും ഇറ്റാലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ അവകാശപ്പെട്ടു. കുട്ടികളെ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും ആളുകളെ പീഡിപ്പിക്കുകയും ചെയ്യുന്ന റഷ്യന്‍ സൈന്യത്തിന്റെ നിരവധി ഗ്രൂപ്പുകളുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സൈന്യം കൊള്ളയടിക്കുകയും നശിപ്പിക്കുകയും തങ്ങളുടെ സ്വത്തുക്കള്‍ ട്രക്കുകളില്‍ കൊണ്ടുപോകുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.