query_builder Wed 23 Mar 2022 6:51 am
visibility 533
പാവറട്ടി: സി.കെ.സി.എൽ പി സ്കൂളിലെ തനത് പഠന പദ്ധതിയായ കണ്ടൽ സംരക്ഷണം സംസ്ഥാന തലത്തിലേക്ക്.തിരുവനന്തപുരം എസ്.സി. ഇ. ആർ.ടി.യിൽ നടന്ന സംസ്ഥാനത്തെ മികച്ച പഠന മികവുകളുടെ അവതരണത്തിൽ ആണ് തൃശ്ശൂർ ജില്ലയിൽ നിന്നുള്ള കണ്ടൽ സംരക്ഷണ പ്രോജക്ടിനെ തൃശ്ശൂർ ഡയറ്റ് അവതരിപ്പിച്ചത്.ജില്ലയിലെ എൽ.പി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച പത്ത് പഠന മാതൃക പദ്ധതികളാണ് എസ് സി.ഇ.ആർ.ടി.യിൽ
അവതരിപ്പിച്ചത്.സി.കെ.സി.എൽ.പി സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷമാണ് കണ്ടൽ സംരക്ഷണ പദ്ധതി ആരംഭിച്ചത്.വിദ്യാഭ്യാസ പരിസ്ഥിതി സംഘടനയായ എപാർട്ടിയേയും,ജനകീയ ചലച്ചിത്ര വേദിയുടെയും നേതൃത്വത്തിൽ കണ്ടലിനെ കണ്ടറിഞ്ഞ്,ഭൂമിയുടെ വേരുകൾ,കണ്ടൽ വിശേഷങ്ങൾ പങ്കുവയ്ക്കൽ,കണ്ടല് കണ്ടാ പൂക്കണ്ടല് നാടൻപാട്ട് നിർമ്മാണം,പ്രകൃതിയുടെ പ്രകൃതം അറിഞ്ഞ്,ഷോർട്ട് ഫിലിം മേരി മോളുടെ കണ്ടൽ ജീവിതം എന്നിങ്ങനെ നിരവധിയായ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.കണ്ടൽചെടികൾ മനുഷ്യനും,പരിസ്ഥിതിക്കും നൽകുന്ന ഗുണങ്ങൾ തിരിച്ചറിയുന്നതിനും അവ സംരക്ഷിക്കേണ്ടത് പ്രാധാന്യം മനസ്സിലാക്കുന്നതിനും ആണ് പരിപാടി സംഘടിപ്പിച്ചത്.സ്കൂൾ പ്രധാന അധ്യാപിക സി.ലിനി തെരേസ്,പ്രോജക്ട് കോഡിനേറ്റർ റാഫി നീലങ്കാവിൽ,പിടിഎ പ്രസിഡന്റ് സിറിൽ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.