query_builder Wed 23 Mar 2022 1:06 pm
visibility 531
ജനങ്ങൾക്കായി സംഭാരവും പക്ഷികൾക്കായി കുടിവെള്ളവും ഒരുക്കിയാണ് പഞ്ചായത്ത് ജലദിനാചരണം വേറിട്ടതാക്കിയത്.
വേനൽ ചൂടിന് ആശ്വാസമായി
പറപ്പൂക്കര പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കായാണ് സംഭാരം കുടിക്കാനുള്ള സൗകര്യം ഒരുക്കിയത്. ഒപ്പം പക്ഷികൾക്കായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നീർകുടവും സ്ഥാപിച്ചു കൊണ്ടാണ് പറപ്പൂക്കര പഞ്ചായത്തിന്റെ ലോക ജലദിന ആഘോഷം നടന്നത്. പഞ്ചായത്തും ജല ജീവൻ മിഷൻ പദ്ധതിയും സംയുക്തമായാണ് ജലദിനാചരണം സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് അനൂപ് ഇ കെ ഉദ്ഘാടനം ചെയ്തു. ജല ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസി സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആന്റ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) സീനിയർ റിസർച്ച് ഓഫീസർ ബിബിൻ തമ്പി വിഷയാവതരണം നടത്തി.
ഭൂഗർഭ ജലം: അദൃശ്യമായതിനെ ദൃശ്യമാക്കുക എന്ന വിഷയത്തിൽ കുടുംബശ്രീ അംഗങ്ങൾക്കിടയിൽ നടത്തിയ പോസ്റ്റർ രചനയിൽ സമ്മാന വിതരണവും നടന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ എം.കെ. അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി സബിത ജി. സ്വാഗതം ആശംസിച്ചു.
സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.സി. പ്രദീപ്, ബീന സുരേന്ദ്രൻ, എൻ എം പുഷ്പാകരൻ, സി ഡി എസ്. ചെയർ പേഴ്സൺ സരിത തിലക്, തുടങ്ങിയവർ പങ്കെടുത്തു.


