പൂർത്തിയായിട്ട് നാലു വർഷം ആകുന്നു ; എന്നിട്ടും ബസ് സ്റ്റാൻഡ് വനിതാ വിശ്രമകേന്ദ്രം അടഞ്ഞു തന്നെ
GENERAL
വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച രേഖയിലാണ് പ്രവൃത്തി സംബന്ധിച്ച മറുപടി

കൊണ്ടോട്ടി : കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ നഗരസഭയുടെ വനിതാ വിശ്രമകേന്ദ്ര നിർമാണവും വയറിംഗും പ്ലംബിംഗും പ്രവൃത്തി പൂർത്തിയായിട്ട് മൂന്നര വർഷം പിന്നിട്ടെന്ന് വിവരാവകാശ രേഖ. എന്നാൽ ഇന്നും ഇത് അടഞ്ഞു കിടക്കുന്നതെന്തിന് എന്ന ചോദ്യം ബാക്കിയാവുന്നു.
നാട്ടൊരുമ പൗരാവകാശ സമിതി അംഗം ആയ വാഴയൂർ സ്വദേശി അബ്ദുൽ അസീസ് പി പി ഇക്കഴിഞ്ഞ ജനുവരി 19 ന് വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച രേഖയിലാണ് പ്രവൃത്തി സംബന്ധിച്ച മറുപടി നൽകിയിരിക്കുന്നത്. 19-02-2018 ൽ വിശ്രമ കേന്ദ്രത്തിന്റെ നിർമാണ,വയറിംഗ് പ്ലംബിംഗ് പ്രവൃത്തികൾ ആരംഭിച്ച് 29-06- 2018 ൽ പൂർത്തീകരിച്ചതായി സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും അസിസ്റ്റന്റ് എഞ്ചിനീയറും ഒപ്പിട്ട രേഖയിൽ പറയുന്നുണ്ട്.
19-12-2018 ൽ ഉത്തരവ് നമ്പർ 149 പ്രകാരം 14, 42,901 രൂപ നഗരസഭയ്ക്ക് അടക്കാനുള്ള തുകയായി നൽകിയിട്ടുണ്ട്. ഇതിൽ മൊത്തം അടങ്കൽ തുക 14, 57, 476 രൂപയിൽ നിന്ന് 14,575 രൂപ ആദായ നികുതി കുറച്ചാണ് ഈ തുക നൽകിയിട്ടുള്ളതെന്നും പുറത്തു വിട്ട രേഖയിൽ സൂചിപ്പിക്കുന്നു. എന്നാൽ ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുന്ന ഈ വിശ്രമകേന്ദ്രത്തെ ചൊല്ലി വരും നാളുകളിൽ പ്രതിഷേധമുയരാനും സാധ്യതയേറുന്നുണ്ട്.
ബസ് സ്റ്റാൻഡിന്റെ മുകളിലെ നിലയിൽ സജ്ജമാക്കിയ വനിതാ വിശ്രമകേന്ദ്രത്തിലേക്കുള്ള അടഞ്ഞു കിടക്കുന്ന കവാടം