query_builder Wed 23 Mar 2022 3:49 pm
visibility 563

മോസ്‌കോ: യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മുതിര്‍ന്ന സഹായി തല്‍സ്ഥാനം രാജിവെച്ച് റഷ്യ വിട്ടു. സോവിയറ്റിന് ശേഷമുള്ള രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റഷ്യന്‍ ഉന്നത ഉദ്യോഗസ്ഥനായ അനറ്റോലി ചുബൈസാണ് അധിനിവേശത്തെ എതിര്‍ത്ത് തന്റെ സ്ഥാനം രാജി വെച്ച് പലായനം ചെയ്തത്. റഷ്യന്‍ അധിനിവേശം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ ക്രെംലിനുമായി ബന്ധം വേര്‍പെടുത്തുന്ന ആദ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ചുബൈസ്. 66കാരനായ ചുബൈസും ഭാര്യയും ഇസ്താംബൂളിലേക്ക് പലായനം ചെയ്തതായി റഷ്യന്‍ മാധ്യമമായ ആര്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കാലാവസ്ഥാ പ്രതിനിധി സ്ഥാനത്തു നിന്ന് ചുബൈസ് സ്ഥാനമൊഴിഞ്ഞതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു.