query_builder Wed 23 Mar 2022 4:39 pm
visibility 530

കൊച്ചി: പെട്രോളും ഡീസലും യഥാസമയം നൽകാതെ പൂഴ്ത്തിവച്ച് കൃത്രിമക്ഷാമം സൃഷ്ടിച്ച് വിലക്കൂട്ടി വിൽക്കാൻ സ്വകാര്യ എണ്ണക്കമ്പനികളുടെ ഏജൻസി നിർബന്ധിക്കുന്നതായി കേരളത്തിലെ വിതരണക്കാർ. റോസ്നഫ്റ്റ് എന്ന റഷ്യൻ കമ്പനിയുടെ ഇന്ത്യയിലെ ഏജൻസിയായ നയാര എനർജി ലിമിറ്റഡിനെതിരേയാണ് നയാര പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ രംഗത്തുവന്നിരിക്കുന്നത്.ഇന്ത്യയിൽ 7000വും കേരളത്തിൽ 170 ഉം പമ്പുകളുമാണ് നയാരയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നത്.വിലകൂട്ടിവിൽക്കാൻ തയാറാകാത്ത തങ്ങൾക്ക് നാലുദിവസമായി ലോഡ് നൽകുന്നില്ലെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും വിതരണക്കാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ധനവില ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ , പൂഴ്ത്തിവയ്ക്കുന്ന പെട്രോളിനും ഡീസലിനും കോടിക്കണക്കിന് രൂപ ലാഭമെടുത്ത് ഏപ്രിൽ പകുതിയോടെ പുതിയനിരക്കിൽ വിൽപനനടത്താനാണ് ഏജൻസിയുടെ ലക്ഷ്യമെന്നും വിതരണക്കാർ ആരോപിച്ചു.