query_builder Wed 23 Mar 2022 6:21 pm
visibility 547
കുറ്റിച്ചൽ : സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ യുവാവ് പെട്രോൾ ബോംബെറിഞ്ഞു ആക്രമണം നടത്തി. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ കളിയാക്കിയതിലുള്ള പ്രകോപനമാണ് കാരണം. കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർസെക്കണ്ടറി സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേരെയാണ് ബൈക്കിൽ എത്തി യുവാവ് പെട്രോൾ ബോംബെറിഞ്ഞത്. ബുധനാഴ്ച ഉച്ച തിരിഞ്ഞു നാലുമണിയോടെയാണ് സംഭവം. സ്‌കൂളിലെ ഒരു സംഘം വിദ്യാർത്ഥികൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുകയും മൂന്നരമണിയോടെ ഉത്തരംകോട് സ്വദേശിയായ നിഖില്‍ ബസില്‍ വന്ന് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലിറങ്ങി. അലക്ഷ്യമായ വസ്ത്രം ധരിച്ച നിഖിലിനെ കണ്ട വിദ്യാർത്ഥികൾ ആർത്തു ചിരിച്ചു കളിയാക്കി. ഇതിൽ പ്രകോപിതനായ യുവാവ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കയറി വിദ്യാർത്ഥികളിൽ ഒരാളെ മർദിച്ചു തുടർന്ന് ഇവിടെ വാക്കേറ്റവും കൂട്ട തല്ലുമായി .സംഭവ സ്ഥലത്തു നിന്ന് ഭീഷണി മുഴക്കി പോയ യുവാവ് കുറച്ചു സമയത്തിന് ശേഷം ബൈക്കിൽ സ്ഥലത്തെത്തുകയും വിദ്യാർത്ഥികൾ ഇരുന്ന ഭാഗത്തേക്ക് പെട്രോൾ ബോംബ് കത്തിച്ചു എറിയുകയും ചെയ്തു.ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിയതോടെ വിദ്യാർത്ഥികളും സ്ഥലത്തുണ്ടായിരുന്നമറ്റുള്ളവരും നാലുപാടും ഓടി.ബോംബ് പൊട്ടി ചിതറിയെങ്കിലും സംഭവത്തിൽ ആർക്കും പരിക്കില്ല.സ്‌കൂളിൽ 5 മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടക്കുകയായിരുന്നു . ഇതിനിടെയായിരുന്നു സ്കൂളിനു പുറത്ത് ഉഗ്രശബ്ദം കേട്ടതെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നു.സംഭവ ശേഷം നിഖിൽ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. കാട്ടാക്കടയിൽ നിന്നും നെയ്യാർ ഡാമിൽ നിന്നും പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
