സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു
GENERAL
മിനിമം ബസ് ചാര്‍ജ് 12രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം,

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അര്‍ധ രാത്രിയോടെയാണ് സമരം തുടങ്ങിയത്.സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് അധിക സര്‍വ്വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സ്വകാര്യ ബസ് സമരം നേരിടാനാണ് കൂടുതല്‍ സര്‍വ്വീസ് നടത്താനുള്ള കെഎസ്ആര്‍ടിസി എം ഡി യുടെ നിര്‍ദ്ദേശം.
മിനിമം ബസ് ചാര്‍ജ് 12രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. 12,000 സ്വകാര്യ ബസുകളില്‍ കോവിഡ് കാലത്തിനു ശേഷം സര്‍വീസിനിറങ്ങിയത് 5500 ബസുകളാണ്. സമരത്തിന്റെ ഭാഗമായി ഈ ബസുകള്‍ നിരത്തിലിറക്കില്ലെന്നു ബസ് ഓപ്പറേറ്റേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ജോണ്സണ് പയ്യപ്പിള്ളിയും സംയുക്ത സമരസമിതി ചെയര്മാന് ലോറന്‍സ് ബാബുവും പറഞ്ഞു.