query_builder Thu 24 Mar 2022 11:21 am
visibility 502

തീ പിടിത്തമുണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍ പരിശോധിക്കുന്നതിനായി കാക്കനാട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു. പകല്‍ 12 ന് ആരംഭിച്ച മോക്ഡ്രില്‍ 12.15 ന് പൂര്‍ത്തിയായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മോക്ഡ്രില്ലിന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എന്‍.ആര്‍. വൃന്ദാദേവി, ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
\tആശയ വിനിമയ സംവിധാനമാണ് പ്രധാനമായും നിരീക്ഷിച്ചത്. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ തീപിടിത്തമുണ്ടായതായി ജില്ലാ അടിയന്തര കാര്യ നിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കുകയും അവിടെ നിന്നും മറ്റ് നടപടികള്‍ ആരംഭിക്കുകയുമായിരുന്നു. ഗതാഗത നിയന്ത്രണ വകുപ്പ്, അഗ്‌നി രക്ഷാ സേന, ആരോഗ്യ വകുപ്പ് എന്നിവരും മോക്ഡ്രില്ലില്‍ പങ്കാളികളായി.
\tതുടര്‍ന്ന് തൃക്കാക്കര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.എന്‍. സതീശന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ക്ക് അവബോധ ക്ലാസ് നല്‍കി. അപകടം ഉണ്ടായാല്‍ ഒരിക്കലും കാണികളായി നിന്ന് കൂടുതല്‍ അപകടം ക്ഷണിച്ച് വരുത്തരുതെന്ന് അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണില്‍ അപകടത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും ഒഴിവാക്കണം. എന്ത് തരത്തിലുള്ള തീപിടിത്തമാണെന്ന് ആദ്യഘട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസമാണ്. പുക ശ്വസിക്കുന്നത് പലര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കും. എല്ലാവരും സുരക്ഷിതമായ ഒരിടത്തേക്ക് ഒരുമിച്ചു മാറി നില്‍ക്കണം. എങ്കില്‍ മാത്രമേ അകത്ത് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാനും രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനും കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. അപകടം ഉണ്ടായാല്‍ ആദ്യം അറിയിക്കേണ്ട ഫോണ്‍ നമ്പറുകള്‍ എല്ലാവരും കൈവശം സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
\tമുഴുവന്‍ ഓഫീസുകളിലും ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ജീവനക്കാര്‍ക്കു സുരക്ഷിതമായി മാറുന്നതിനുള്ള അസംബ്ലി പോയിന്റും നിര്‍ബന്ധമായും ഉണ്ടാകണമെന്ന് മോക്ഡ്രില്‍ ഒബ്‌സര്‍വറായ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ജി.അനന്തകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇത്തരം പോയിന്റുകള്‍ കൃത്യമായി അടയാളമിട്ടുതന്നെ സൂക്ഷിക്കണം. അവിടെ മറ്റ് തടസങ്ങള്‍ വരാന്‍ അനുവദിക്കരുത്. അഗ്‌നി രക്ഷാ വാഹനങ്ങള്‍ കടന്നുവരുന്നതിനുള്ള മാര്‍ഗങ്ങള്‍ ഓഫീസുകളില്‍ സുഗമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും സന്നിഹിതനായിരുന്നു.