query_builder Thu 24 Mar 2022 12:42 pm
visibility 499
ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് പോഷകാഹാര കിറ്റുകൾ വിതരണവും ബോധവത്കരണ ക്ലാസും നടത്തി. മരട് നഗര സഭയും വളന്തകാട് പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി "അക്ഷയ പാത്രം " പദ്ധതിക്ക് തുടക്കം കുറിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ഇന്ദ്രജിത്ത് സുകമാരൻ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, മിനി ഷാജി, അജിതാ നന്ദകുമാർ, ബെൻഷാദ് നടുവില വീട്, നഗരസഭാ സെക്രട്ടറി ജി.രേണുകാദേവി കൗൺസിലർമാരായ സി.ആർ. ഷാനവാസ്, അബ്ബാസ്, തോമസ്. എ ജെ , ബിനോയ് ജോസഫ് , റിനി തോമസ്, രേണുകാ ശിവദാസ് , പത്മപ്രിയ, മോളി ഡെന്നി, ജയ ജോസഫ്, ബേബി പോൾ , ശോഭ ചന്ദ്രൻ , ഹെൽത്ത് ഇൻസ്പെക്ടർമാരായ ജേക്കബ്സൺ, ഹണി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വളന്തകാട് ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ബാലു ഭാസിയുടെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അക്ഷയ പാത്രം പദ്ധതിക്ക് തുടക്കം കുറിക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് മരട് നഗരസഭ. ഇന്ത്യയെ പോലൊരു രാജ്യത്ത് 90% ക്ഷയരോഗികളും ഉണ്ടാകുന്നത് താഴ്ന്ന രോഗപ്രതിരോധ ശേഷി മൂലമാണ്. ഈ സാധ്യത മുൻ നിർത്തി ജനങ്ങളിലേക്ക് ബോധവത്കരണം നൽകുന്നതിനായിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ജില്ലാ ക്ഷയരോഗ നിയന്ത്രണ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുടെ പ്രശംസ പിടിച്ചു പറ്റിയ പദ്ധതിയിൽ ഒരു രോഗിക്ക് 5000/- രൂപയുടെ പോഷകാഹാര കിറ്റാണ് നൽകുന്നത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ബദാം, കശുവണ്ടി, ഉഴുന്ന്, ഓട്സ്, പയറുവർഗ്ഗങ്ങൾ, പാൽപ്പൊടി, അവൽ ആദിയായ ഭക്ഷ്യവസ്തുക്കളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രകാരം "TUBERCULOSIS FREE KERALA" എന്ന മിഷൻ പൂർത്തീകരിക്കാനാണ് ലക്ഷ്യം. ആരോഗ്യമുള്ള മനസ്സിലേ ആരോഗ്യമുള്ള ശരീരം ഉണ്ടാവൂ എന്നും ഈ പരിപാടിയുടെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇന്ദ്രജിത്ത് സുകുമാരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.