query_builder Thu 24 Mar 2022 2:57 pm
visibility 523
കൊച്ചി: നടൻ വിനായകന്റെ മീടു പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ ആയിരുന്നു നടന്റെ സ്ത്രീവിരുദ്ധ പരാമർശം. പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ തുടരുന്നതിനിടെ പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നടൻ.
പഞ്ചപാണ്ഡവര്‍ക്കൊപ്പം നിൽക്കുന്ന പാഞ്ചാലിയുടെ ചിത്രമാണ് വിനായകൻ പങ്കുവെച്ചത്. നടൻ സാധാരണ എപ്പോഴും പോസ്റ്റ് ചെയ്യാറുള്ളത് പോലെ ചിത്രത്തിനൊപ്പം ക്യാപ്ഷനുകളൊന്നും തന്നെ നൽകിയിട്ടില്ല. സ്ത്രീവിരുദ്ധ പരാമർശത്തിന് പിന്നാലെ വിനായകൻ പങ്കുവച്ച ആദ്യ പോസ്റ്റു കൂടിയാണിത്. കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും. ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ', എന്നായിരുന്നു വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നാലെ ഷാനിമോൾ ഉസ്മാൻ, ഹരീഷ് പേരടി, ശാരദക്കുട്ടി, പാർവതി തിരുവോത്ത് തുടങ്ങി നിരവധി പേർ വിനായകനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.