query_builder Fri 25 Mar 2022 11:36 am
visibility 501

കാലടി: അരി നിർമ്മാണ വ്യവസായത്തിലെ മാലിന്യമായ ഉമി ചാരത്തിൽ നിന്നും ഇനി ഇഷ്ടികയും സിലിക്കയും നിർമ്മിക്കാം. സർവ്വകലാശാലകളും വ്യവസായ സ്ഥാപനങ്ങളും സഹകരിച്ചു നടത്തുന്ന ഗവേഷണ പ്രവർത്തനത്തിന്റെ ഭാഗമായി കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിയനീയറിംഗ് ടെക്‌നോളജിയിൽ നൂതന ഗവേഷണ പദ്ധതി ആരംഭിച്ചു. കാലടി റൈസ് മില്ലേഴ്സ് കൺസോർഷ്യം നൽകുന്ന ധനസഹായം ഉപയോഗിച്ചാണ് ഗവേഷണം നടത്തുന്നത്. ഇതിന്റെ ആദ്യഘട്ട തുക കോളേജിന് നൽകി.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കേരള ടെക്ക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ എം.എസ് രാജശ്രീക്ക് ചെക്ക് കൈമാറി. കൺസോർഷ്യം എം.ഡി എൻ.പി ആന്റണി, വ്യവസായ വകുപ്പ് ഡയറക്ടർ ഹരി കിഷോർ ഐ.എ.എസ്, ആദിശങ്കര എൻജിനിയറിങ്ങ് കോളേജ് പ്രിൻസിപ്പാൾ ഡോ: വി. സുരേഷ് കുമാർ, സിവിൽ വിഭാഗം മേധാവി പ്രഫ. പി.സി അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
ഗവേഷണ പദ്ധതി ഫലം കാണുന്നതോടെ അരി മിൽ വ്യവസായത്തിലെ മാലിന്യമായി കുമിഞ്ഞുകൂടുന്ന ഉമി സംസ്‌കരിക്കുന്നതിന് സംവിധാനമാകും. മാത്രമല്ല നിർമ്മാണ മേഖലയ്ക്ക് ചുരുങ്ങിയ ചെലവിൽ ഇഷ്ടിക ലഭ്യമാക്കാനും ഇതുവഴി സാധിക്കും. കാലടി റൈസ് മില്ലേഴ്സ് കൺസോർഷ്യത്തിനു വേണ്ടി ആദിശങ്കരയിലെ ഗവേഷണ വിഭാഗം ഇത്തരത്തിലുള്ള വ്യത്യസ്തമായ ഗവേഷണ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ബയോ ഡീഗ്രേഡബിൾ അല്ലാത്ത ഉമിച്ചാരത്തെ റീസൈക്കിൾ ചെയ്ത് പുതിയ ഉത്പന്നങ്ങൾ ആക്കി മാറ്റുന്ന മറ്റൊരു പദ്ധതിയും ആവിഷ്‌ക്കരിക്കുന്നുണ്ട്.