query_builder Sat 26 Mar 2022 11:06 am
visibility 505

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി ആരാണ് കല്ലിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിയില്‍ ദുരൂഹതയും ആശയക്കുഴപ്പവും ഇപ്പോഴും തുടരുകയാണ്. മന്ത്രി സജി ചെറിയാന്‍ ബഫര്‍ സോണ്‍ ഇല്ലെന്ന് പറഞ്ഞു. പിന്നീട് കെ റെയില്‍ എം.ഡി ബഫര്‍ സോണ്‍ ഉണ്ടെന്ന് പറഞ്ഞു. മുഖ്യമന്ത്രി അത് ശെരിവച്ചു. അതുപോലെ 64000 കോടി രൂപയാണ് ഇതിന്റെ മൊത്തം ചെലവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ അതിന് മുന്‍പ് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് 80000 കോടി രൂപയാണെന്നാണ്. സര്‍ക്കാര്‍ വെബ്‌സൈറ്റലും ഡി.പി.ആറില്‍ വ്യത്യസ്ത വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കുന്നതും വ്യത്യസ്തമായ മറുപടി. ഇങ്ങനെ എല്ലാ കാര്യങ്ങളിലും ഡാറ്റാ തിരിമറി നടത്തിയിരിക്കുകയാണ്. ആ ഡാറ്റാ കൃത്രിമത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആദ്യം നുണ പറഞ്ഞു. പല കള്ളങ്ങള്‍ പറഞ്ഞത് കൊണ്ട് നിരവധി കള്ളങ്ങള്‍ ഓരോ ദിവസവും പറയേണ്ട സ്ഥിതിയിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഇപ്പോഴും വായിക്കുന്നത് ആറു മാസം മുന്‍പ് കെ റെയില്‍ കൊടുത്ത നോട്ടാണ്. അതില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്. ആര്‍ക്കും ഒരു ധാരണയും ഇല്ലാതെ അടിമുടി ദുരൂഹത നിറഞ്ഞ പദ്ധതിയായി സില്‍വര്‍ ലൈന്‍ മാറിയിരിക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.