മാമലയില്‍ കെ.റെയിലിനെതിരേ പ്രതിഷേധം: പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു
REGIONAL
ജനകീയ സമര സമിതിയുടെ പ്രതിഷേധം പോലീസ് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

തിരുവാങ്കുളം: മാമലയില്‍ കെ.റെയില്‍ സര്‍വ്വേകല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും നേരെ വന്‍പ്രതിഷേധം. വനിതകള്‍ ഉള്‍പ്പെടെ കല്ലിടലിനെതിരെ പ്രതിഷേധമുയര്‍ത്തിയതോടെ സര്‍വ്വേനടപടികള്‍ നിര്‍ത്തിവെച്ചു. ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ട് ജനകീയ സമര സമിതിയുടെ പ്രതിഷേധം പോലീസ് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. കഴിഞ്ഞ തവണയും ഇത്തരത്തില്‍ കെ റയില്‍ കല്ല് സ്ഥാപിക്കുന്നതിനെതിരെ മാമലയില്‍ ശക്തമായ പ്രതിഷേധമുണ്ടായതിനെതുടര്‍ന്ന് സര്‍വ്വേ നിര്‍ത്തിവെച്ചിരുന്നു. ശനിയാഴ്ച്ച വീണ്ടും ഉദ്യോഗസ്ഥരെത്തിയെങ്കിലും പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതോടെയാണ് അധികൃതര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായത്.
സ്ഥാപിച്ച മുഴുവന്‍ കല്ലുകളും സമരസമിതിപ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞു. ഇനി ഉപഗ്രഹ സര്‍വേ അനുവദിക്കില്ലെന്നും പോലീസ് തിരിച്ചുപോകണമെന്നുമാവശ്യപ്പെട്ട് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ ഹൈവേ ഉപരോധിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് തിരിച്ചുപോകാതെ സമരം നിര്‍ത്തില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍.
ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.പി.സജീന്ദ്രന്‍, സി.പി.ജോയ്, വിജു പാലാല്‍, കെ.വി.എല്‍ദോ , വത്സലന്‍ പിള്ള, ലിജോ മാളിയേക്കല്‍, രാജേഷ് കണ്ടേത്തുപാറ,എബിന്‍ വര്‍ഗ്ഗീസ്, സിജു കടക്കനാട്, ജെയിംസ് പാറെക്കാട്ടില്‍, അനൂപ്.പി.എച്ച്, മിഥുന്‍ രാജ്, കെ.ആര്‍.സുകുമാരന്‍, മനോജ് കരക്കാട്ട്, അജേഷ് ഫിലിപ്പ് പങ്കെടുത്തു.