വഴിയില്ല, വാഹനമില്ല, വിദ്യാര്‍ത്ഥികള്‍ പരാതിക്കെട്ടഴിച്ചു; ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് ജില്ലാ വികസന കമ്മീഷണര്‍

REGIONAL

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ ഊര് സന്ദർശനം

വഴിയില്ല, വാഹനമില്ല, വിദ്യാര്‍ത്ഥികള്‍ പരാതിക്കെട്ടഴിച്ചു; ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് ജില്ലാ വികസന കമ്മീഷണര്‍ Enlight News

തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളില്‍ ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുള്‍പ്പെടെ തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വിഷമങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം.


മാർച്ച് 15ന് പന്നിമറ്റം പാരീഷ് ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന ബാലവകാശ കമ്മിഷന്റെ ഏകദിന ക്യാമ്പ് ജില്ലാ വികസന കമ്മീഷണറാണ് ഉദ്ഘാടനം ചെയ്തത്. ആദിവാസി മേഖലയിലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായായി സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്തവർ കമ്മീഷണർക്ക് മുന്നിൽ നിരവധി പരാതികൾ ഉന്നയിച്ചു. രേഖാ മൂലം പരാതി സമര്‍പ്പിക്കാന്‍ കമ്മീഷണർ നിർദ്ദേശം നൽകി. ഇത്തരത്തിൽ ലഭിച്ച പരാതികളെ കുറിച്ചുള്ള അന്വേഷണത്തിനായാണ് ജില്ലാ വികസന കമ്മീഷണർ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ആദിവാസി ഊരുകളിൽ എത്തിയത്.


വഴി ഇല്ലാത്തതിനാലുള്ള യാത്രാ ദുരിതം മുതല്‍ സ്‌കൂളിന് ചുറ്റുമതില്‍ ഇല്ലാത്തത് വരെയുള്ള കാര്യങ്ങള്‍ കോഴിപ്പിളി, നാളിയാനി, തടിയനാല്‍ തുടങ്ങിയ ഊരുകൂട്ടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ സമര്‍പ്പിച്ച പരാതികളില്‍ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് നേരിട്ട് അന്വേഷണം നടത്തുന്നതിനായാണ് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വെള്ളിയാമറ്റം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.


ആദിവാസി മേഖലയിലെ നിര്‍മ്മാണങ്ങല്‍ക്ക് വനം വകുപ്പില്‍ നിന്നും അനുമതി ലഭിക്കാത്തതാണ് റോഡ് പണിക്ക് തടസമെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാല്‍ സമയത്ത് സ്‌കൂളിലെത്താന്‍ കഴിയുന്നില്ലെന്നും ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും പരാതിപ്പെട്ടു. ഇക്കാര്യത്തില്‍ വനം വകുപ്പില്‍ ഇടപെടല്‍ നടത്തി എത്രയും വേഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാക്കാമെന്ന് കമ്മീഷണര്‍ അറിയിച്ചു. പൂമാലയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ സ്‌കൂളിന് ചുറ്റുമതില്‍ ഇല്ലാത്തത് കുട്ടികളുടെ സുരക്ഷിതത്വത്തെ കാര്യമായി ബാധിക്കുന്നതായുള്ള പരാതി തടിയനാല്‍ ഊരുമൂപ്പന്‍ ഉന്നയിച്ചു. സ്‌കൂളും ട്രൈബല്‍ ഡിപ്പാര്‍മെന്റും പ്രൈമറി ഹെല്‍ത്ത് സെന്റ്‌റും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാത്തതിനാലാണ് ചുറ്റുമതില്‍ നിര്‍മ്മാണം വൈകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു അറിയിച്ചു. ഇതേ തുടര്‍ന്ന് കമ്മീഷണര്‍ സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. തര്‍ക്കം തീര്‍ക്കാനുള്ള ഇടപെടല്‍ നടത്താമെന്ന് അറിയിച്ചു. ആശുപത്രിക്കാവശ്യമായ ഭൂമി വിട്ട് നല്‍കി ബാക്കിയുള്ള ഭാഗം മുഴുവനായും ചുറ്റുമതില്‍ കെട്ടുന്നതിനുള്ള പ്രൊജക്ട് തയ്യാറാക്കുവാന്‍ കമ്മീഷണര്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. ഇതിന് പുറമേ പ്രകൃതി ദുരന്തത്തില്‍ സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ച ദേവരുപാറ - നാളിയാനി റോഡ്, പത്താഴകല്ല് - പറക്കാനം റോഡ് എന്നിവിടങ്ങളിലും വടക്കനാറിന് കുറുകേ പാലം ആവശ്യമായ കൊച്ചേരികടവ്, മടത്തിക്കടവ് എന്നീ സ്ഥലങ്ങളും കമ്മീഷണര്‍ സന്ദര്‍ശിച്ചു. ട്രൈബല്‍ ഫണ്ട് ഉപയോഗിച്ച് പാലം പണി നടത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു.


കമ്മീഷണറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നാളിയാനി കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ യോഗത്തില്‍ വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, ഐ.ടിഡി.പി പ്രൊജക്ട് ഓഫീസര്‍ കെ.എസ്. ശ്രീരേഖ, പൂമാല ട്രൈബല്‍ എക്‌സ്റ്റെന്‍ഷര്‍ ഓഫീസര്‍ ആനിയമ്മ ഫ്രാന്‍സിസ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എസ്. റെജി കുമാര്‍, വെള്ളിയാമറ്റം പഞ്ചായത്ത് സെക്രട്ടറി പി.എസ്. സെബാസ്റ്റ്യന്‍, നാളിയാനി ഊരുമൂപ്പന്‍ പി.എ. ഗോപി, തടിയനാല്‍ ഊരുമൂപ്പന്‍ പി.ജി. സുധാകരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, വെള്ളിയാമറ്റം വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, പട്ടിക വര്‍ഗ പ്രമോട്ടര്‍മാര്‍, അംഗണവാടി ജീവനക്കാര്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.