കഞ്ചാവ് കേസിൽ ശിക്ഷിച്ചു

GENERAL

കഞ്ചാവ് കേസില്‍ രണ്ട് യുവാക്കളെ 10 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു

കഞ്ചാവ് കേസിൽ ശിക്ഷിച്ചു Enlight News


കൊടകരയില്‍ 56 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ വെള്ളിക്കുളങ്ങര സ്വദേശികളെ 10 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും വിധിച്ചു. മൂഞ്ഞേലി വീട്ടില്‍ ദീപു, ശൂനിപറമ്പില്‍ വീട്ടില്‍ അനന്തു എന്നിവരെയാണ് തൃശൂര്‍ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജി ശ്രീ.പി.എൻ. വിനോദ് ശിക്ഷിച്ചത്.


 അരക്കോടിയിലേറെ രൂപയുടെ കഞ്ചാവുമായി 2020 നവംബർ പതിനൊന്നിനാണ് രണ്ട് യുവാക്കളെ പോലീസ് പിടികൂടിയത്. കാറിൽ കടത്തുകയായിരുന്ന 56 കിലോ കഞ്ചാവാണ് കൊടകര മേൽപ്പാലത്തിനു താഴെ നിന്നും ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടിയത്.


മറ്റത്തൂർ മോനൊടി മൂഞ്ഞേലി വീട്ടിൽ ദീപു 24 വയസ്സ്, വെള്ളിക്കുളങ്ങര കട്ടിപ്പൊക്കം ശൂനിപ്പറമ്പിൽ അനന്തു 23 വയസ്സ് എന്നിവരാണ് അന്ന് കഞ്ചാവുമായി പിടിയിലായത്. വാടകയ്ക്കെടുത്ത ആഡംബരക്കാറിന്റെ ഡിക്കിയിൽ പോളിത്തീൻ കവറിൽ പൊതിഞ്ഞുസൂക്ഷിച്ചാണ് കഞ്ചാവ് കടത്തിയത്.


എറണാകുളത്തേക്ക് പോയിരുന്ന വാഹനം അതിവിദഗ്ധമായാണ് കൊടകര മേൽപാലത്തിനടിയിൽ വച്ച് പോലീസ് കണ്ടെത്തിയത് . കഞ്ചാവുപൊതികൾ നിരത്തി അതിനു മുകളിൽ ബാഗുകൾ ഉപയോഗിച്ച് മറച്ചുവെച്ചിരിക്കുകയായിരുന്നു.


എറണാകുളം ജില്ലയിലെ കഞ്ചാവ് കച്ചവടക്കാർക്ക് എത്തിച്ചുകൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവായിരുന്നു പോലീസ് പിടികൂടിയത്. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നത്.


തിരഞ്ഞെടുപ്പ് സമയത്ത് 'ഡാർക്ക് നൈറ്റ് ഹണ്ടിങ്' എന്ന പ്രത്യേക വാഹനപരിശോധന പോലീസ് ഏർപ്പെടുത്തിയിരുന്നു. വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് കഞ്ചാവ് പിടികൂടുന്നതിന് വഴിയൊരുക്കിയതെന്ന് പോലീസ് പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ: കെ.ബി. സുനിൽകുമാർ, അഡ്വ: ലിജി മധു, അഡ്വ: പി . ആർ.ശിവ, എന്നിവർ ഹാജരായി . കോടതി നടപടികൾക്ക് പ്രോസിക്യൂഷനെ സഹായിക്കുവാൻ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ഡി. ജൂലിയും ഉണ്ടായിരുന്നു.


 ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷ്, കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ, കൊടകര എസ്.ഐ. ഷാജൻ, പ്രത്യേകാന്വേഷണസംഘത്തിലെ .എസ്.ഐ. ജിനുമോൻ തച്ചേത്ത്, എ എസ് ഐ മാരായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒ.മാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, കൊടകര സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ. സോജൻ എ.കെ., തോമസ്, റെജിമോൻ, സീനിയർ സി.പി.ഒ.മാരായ സതീഷ് എ.ബി., റെനീഷ്, രജനീശൻ, ടി.ടി. ബൈജു, ഗോകുലൻ, ഷോജു, ആന്റണി, ലിജോൺ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.