സഹപ്രവർത്തകർ നൽകിയ സ്വർണ്ണനാണയം ദാനം ചെയ്യുമെന്ന് പ്രിൻസിപ്പൾ
REGIONAL
വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ എൻ കെ മൂസയാണ് പെൺകുട്ടിയുടെ വിവാഹത്തിന് സമ്മാനമായി നൽകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്

വാണിമേൽ: സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പളിന് സഹപ്രവർത്തകർ നൽകിയ സ്വർണ്ണ നാണയം ദാനം ചെയ്യുമെന്ന് പ്രിൻസിപ്പളുടെ മറുമൊഴി.വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ എൻ കെ മൂസയാണ് വിടവാങ്ങൽ ചടങ്ങിൽ തനിക്ക് സഹപ്രവർത്തകർ നൽകിയ ഒരു പവൻ തൂക്കമുള്ള സ്വർണ്ണ നാണയം അർഹതപ്പെട്ട ഏതെങ്കിലും പെൺകുട്ടിയുടെ വിവാഹത്തിന് സമ്മാനമായി നൽകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. അതുവഴി സഹപ്രവർത്തകർക്ക് കൂടുതൽ പുണ്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പളുടെ തീരുമാനത്തെ സദസ് കരഘോഷത്തോടെ സ്വീകരിച്ചു. വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ സ്ഥാനത്ത് നിന്ന് മാർച്ച് 31നാണ് എൻ കെ മൂസ വിരമിക്കുന്നത്. നാദാപുരം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സാരഥ്യം വഹിക്കുന്ന മൂസ മാസ്റ്റർ വാണിമേൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ആയിരുന്നു. സ്റ്റാഫ് ,പി.ടി എ, മാനേജ്മെൻ്റ് സംയുക്തതമായി നൽകിയ യാത്രയയപ്പു സമ്മേളനത്തിൽ നിരവധി പേർ പങ്കെടുത്തു.മാനേജർ വി.കെ കുഞ്ഞാലി അധ്യക്ഷത വഹിച്ചു. അഡ്വ കെ.എൻ എ ഖാദർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.കെ മൊയ്തു സ്വാഗതം പറഞ്ഞു. ഹൈസ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ ടി ബഷീർ സ്റ്റാഫ് പ്രതിനിധികൾ ,പി ടി.എ പ്രസിഡണ്ട് കല്ലിൽ മൊയ്തു മാനേജിംഗ് കമ്മിറ്റി ഭാരവാഹികൾ സംസാരിച്ചു.