query_builder Sun 27 Mar 2022 11:36 am
visibility 503
കാക്കനാട് : ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയില്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് ജില്ലാ പഞ്ചായത്ത്. പദ്ധതി പ്രകാരം നിലവില്‍ ചികിത്സാ സഹായം ലഭിക്കുന്ന മുഴുവന്‍ രോഗികള്‍ക്കുള്ള ചികിത്സ പദ്ധതി തുടരുമെന്നും അവര്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടന്നും പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഏപ്രില്‍ പത്തിന് മുമ്പായി ചികിത്സാ സഹായം ആവശ്യമുള്ള പുതിയ ആളുകള്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞവര്‍ഷം എണ്ണൂറോളം രോഗികള്‍ക്കാണ് പദ്ധതിപ്രകാരം സഹായം ലഭിച്ചത്.
പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് നടത്തുന്ന രോഗിക്ക് ഒരു ഡയാലിസിസിന് 1000 രൂപ വീതം പ്രതിമാസം നാല് തവണത്തേക്ക് 4000 രൂപ ലഭിക്കും. ഇത് പ്രകാരം ഒരു രോഗിക്ക് ചികിത്സാ സഹായമായി വര്‍ഷം 48,000 രൂപക്കാണ് അര്‍ഹതയുള്ളത്. ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളിലായി സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കാണ് ആനുകൂല്ല്യം ലഭിക്കുക. പദ്ധതിയുടെ ആനുകൂല്ല്യത്തിനായി അപേക്ഷ അതാത് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് നല്‍കേണ്ടത്. പാലിയേറ്റീവ് കെയര്‍ നഴ്സ് അല്ലെങ്കില്‍ ആശാ വര്‍ക്കര്‍ മുഖേന പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇതിനായി പ്രത്യേക ഗൂഗിള്‍ ഫോം തയ്യാറാക്കിയിട്ടുണ്ട്. ഇത് സംമ്പന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അതാതുപ്രദേശത്തെ ജില്ലാ പഞ്ചായത്ത് അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്. മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പദ്ധതിക്ക് അര്‍ഹതയുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. രണ്ട് കോടി എണ്‍പത്തിയഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് മാറ്റിവെച്ചിരിക്കുന്നത്. രോഗികള്‍ ഡയാലിസിസ് ചെയ്യുന്ന മുറയ്ക്ക് അതാത് സ്വകാര്യ ആശുപത്രികള്‍ ബില്ലുകള്‍ സാഷ്യപ്പെടുത്തി നല്‍കുന്നതനുസരിച്ച് ഈ ബില്ലുകള്‍ ആശുപത്രികള്‍ക്ക് കൈമാറുന്നതാണ് പ്രസിഡന്റ് അറിയിച്ചു.