അടിസ്ഥാനസൗകര്യവികസനത്തിലൂടെ ഐ.ടി രംഗത്ത് മുന്നേറ്റം സാധ്യമാക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

GENERAL

അടിസ്ഥാനസൗകര്യ വികസനത്തിലൂടെ ഐ. ടി രംഗത്ത് വന്‍മുന്നേറ്റമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു

അടിസ്ഥാനസൗകര്യവികസനത്തിലൂടെ ഐ.ടി രംഗത്ത് മുന്നേറ്റം സാധ്യമാക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ് Enlight News

കോഴിക്കോട് : അടിസ്ഥാനസൗകര്യ വികസനത്തിലൂടെ ഐ. ടി രംഗത്ത് വന്‍മുന്നേറ്റമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭാവിതലമുറയെ മുന്നില്‍കണ്ടുള്ള പശ്ചാത്തലസൗകര്യ വികസനത്തിന് പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ 'റീബൂട്ട് 2022' മെഗാ തൊഴില്‍മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി മേഖലയിലെ കൂട്ടായ്മയായ കാഫിറ്റും സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കും സംയുക്തമായാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചത്.


ഐ.ടി അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പ്രോത്സാഹനമാണ് സര്‍ക്കാര്‍ ലഭ്യമാക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 2016ല്‍ 300 സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സ്ഥാനത്ത് നിലവില്‍ 4000മായി ഉയര്‍ന്നത് ഐ.ടി മേഖലയിലെ സമൂലമാറ്റമാണ് വ്യക്തമാക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ മറ്റുമേഖലകള്‍ നിശ്ചലമായപ്പോഴും ഐ.ടി മേഖലയ്ക്ക് വലിയ കുതിപ്പാണ് നടത്താനായത്. പുതുതായി നിരവധി കമ്പനികളാണ് കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യപ്പെട്ട് മുന്നോട്ട് വന്നത്. ഇതുവഴി പതിനായിരത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി. ഐ.ടി രംഗത്തുള്ളവരെയടക്കം ആകര്‍ഷിക്കുക ലക്ഷ്യമിട്ട് ടൂറിസംരംഗത്ത് നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചതായി മന്ത്രി പറഞ്ഞു. ഐ.ടി മേഖലയിലെ വര്‍ക്ക് അറ്റ് ഹോം മാതൃകയില്‍ ടൂറിസംകേന്ദ്രങ്ങളില്‍ ഗ്രീന്‍ ടൂറിസം ആരംഭിക്കും. പുതുതലമുറയുടെ അഭിരുചിക്കനുസൃതമായി തൊഴിലവസരമൊരുക്കുകയാണ് ചെയ്യേണ്ടത്. ഐ.ടി രംഗത്ത് എത്രത്തോളം വികസനം ലഭ്യമാക്കാനാകുമോ അത്രത്തോളം സാധ്യമാക്കുകയാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഐ.ടി രംഗത്തെ വിവിധ കമ്പനികളുടേയും സ്ഥാപനങ്ങളുടേയും പരസ്പര സഹകരണത്തിലൂടെയുള്ള പ്രവര്‍ത്തനം മാതൃകാപരമാണെന്ന് കേരള സ്റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ് പറഞ്ഞു. ഇത്തരം മെഗാ തൊഴില്‍മേളകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 


ചടങ്ങില്‍ കാഫിറ്റ് പ്രസിഡന്റ് കെ.വി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, കാഫിറ്റ് മുന്‍ പ്രസിഡന്റ് പി.ടി ഹാരിസ്, വൈസ് പ്രസിഡന്റ് കളത്തില്‍ കാര്‍ത്തിക്, വി.പി സുഹൈല്‍ പങ്കെടുത്തു. വിവിധ സെഷനുകളിലായി ജോണ്‍ എം. തോമസ്, ദുലീപ് സഹദേവന്‍, അനില്‍ ബാലന്‍ എന്നിവര്‍ സംസാരിച്ചു. രണ്ട്ദിവസമായി നടന്ന നാലാമത് മെഗാ തൊഴില്‍മേളയില്‍ 13,000ലധികം ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുത്തത്. 2016 മുതല്‍ 2018വരെയായി നടന്ന ജോഫ് ഫെയര്‍ കോവിഡ് സാഹചര്യമായതിനാല്‍ ഈ വര്‍ഷമാണ് വീണ്ടും തുടങ്ങിയത്.