അനധികൃത കള്ള്ഷാപ്പിന് കൂട്ടുനിൽക്കുന്ന ചാവക്കാട് ചെയർപേഴ്സനെതിരെ വിജിലൻസ് കോടതിയെ സമീപിക്കും
REGIONAL
സംയുകത സമരസമിതി

ചാവക്കാട്:കള്ള് കച്ചവടക്കാർക്ക് വേണ്ടി മുനിസിപ്പൽ നിയമങ്ങൾ പരസ്യമായി കാറ്റിൽ പറത്തുന്ന ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് ഉടൻ രാജിവെക്കണമെന്ന് സംയുകത സമരസമിതി ആവശ്യപ്പെട്ടു.കള്ളുഷാപ്പ് നിൽക്കുന്ന കെട്ടിടം പുറമ്പോക്ക് ഭൂമിയിൽ കെട്ടിട നമ്പറോ,ലൈസൻസോ ഇല്ലാതെയാണ് 40 വർഷമായി പ്രവർത്തിക്കുന്നത്.നിയമ ലംഘനത്തിന്റെ കാലദൈർഘ്യം നിയമലംഘനം തുടരാൻ കാരണമാക്കുന്ന വിചിത്ര വാദമാണ് ചെയർപേർസണിൽ നിന്നും,വൈസ് ചെയര്മാനിൽ നിന്നും ഉണ്ടായത്.കേരളത്തിലെല്ലായിടത്തും അനധികൃത കെട്ടിടങ്ങൾ നിലനിൽക്കുന്നുണ്ടെന്നും,അതുകൊണ്ട് ബ്ലാങ്ങാട് ബീച്ചിലെ അനധികൃത കള്ള് ഷാപ്പ് ഞങ്ങൾ സംരക്ഷിക്കുമെന്നും പ്രഖ്യാപിക്കുക വഴി നഗരസഭ ഭരണാധികാരികൾ ജനങ്ങൾക്ക് മുന്നിൽ സ്വയം പരിഹാസ്യരായിരിക്കുകയാണ്. സിപിഎമ്മിൻ്റെ രണ്ട് നേതാക്കൾ തന്നെ ഇങ്ങിനെയൊരു പ്രസ്താവന നടത്തുക വഴി സംസ്ഥാനത്തൊട്ടുക്കും അനധികൃത കെട്ടിടങ്ങൾക്കും,നിർമാണങ്ങൾക്കും സിപിഎം പിന്തുണയും, ഒത്താശയുമുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യമായിരിക്കുന്നു.ഇത് പൊതു ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയായേ കാണാനാകൂ.മുഴുവൻ രേഖകളുടെയും അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറി ഇട്ട ഉത്തരവിനെതിരെ കള്ളുഷാപ്പുകാർക്ക് വേണ്ടി നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ചെയർപേർസനും,വൈസ് ചെയർമാനുമെതിരെ ഉടനെ വിജിലൻസ് കോടതിയെ സമീപിക്കുമെന്ന് സംയുക്ത സമരസമിതി പ്രവർത്തകരായ തോമസ് ചിറമേൽ,സി.സാദിഖ് അലി,നൗഷാദ് തെക്കുംപുറം എന്നിവർ പറഞ്ഞു.