query_builder Mon 28 Mar 2022 7:22 am
visibility 515

ആലപ്പുഴ: കെ-റെയിൽ കടന്നു പോകുന്ന വെൺമണിയിൽ വിശദീകരണവുമായി എത്തിയ സിപിഎം നേതാക്കളെ ആട്ടിപായിച്ച് നാട്ടുകാർ. കഴിഞ്ഞ ദിവസമാണ് സംഭവം. വെൺമണി പഞ്ചായത്ത് ഒമ്പതാം വാർഡ് പുന്തലയിലെത്തിയ ജനപ്രതിനിധികളെയും ലോക്കൽ കമ്മിറ്റി അംഗങ്ങളെയുമാണ് നാട്ടുകാർ ഓടിച്ചത്. കിടപ്പാടം വിട്ടിറങ്ങാൻ തങ്ങൾ തയ്യാറല്ലെന്നും ഒരു ന്യായീകരണം കേൾക്കേണ്ടെന്നും നാട്ടുകാർ പറഞ്ഞു. അത്രയ്ക്കു നിർബന്ധമാണെങ്കിൽ നിങ്ങളുടെ വസ്തു ഞങ്ങൾക്ക് എഴുതി തരൂ, അപ്പോൾ വീടു വിട്ടിറങ്ങാം എന്നും ചിലർ പറഞ്ഞു.
വിശദീകരണം ഉൾപ്പെടുത്തിയ ലഘുലേഖകൾ വാങ്ങാനും നാട്ടുകാർ തയാറായില്ല. പ്രതിഷേധം കനത്തതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം എത്തിയതാണെന്ന് പറഞ്ഞ് നേതാക്കൾ സ്ഥലം വിട്ടു. ഇതിനിടെ, നിങ്ങളുടെ വീടുകൾ നഷ്ടമാകുന്നതിനോ ഇതുവഴി ലൈൻ കടന്നു പോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല ഞാൻ, എന്നു ലോക്കൽ കമ്മിറ്റിയംഗം പറയുന്നതടക്കമുള്ള സംഭാഷണവും പ്രതിഷേധ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. വെൺമണി പഞ്ചായത്തിൽ 1.70 കിലോമീറ്റർ ദൂരത്തിലാണു ലൈൻ കടന്നുപോകുന്നത്. 2.06 ഹെക്ടർ ഏറ്റെടുക്കേണ്ടി വരും. മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടമാകും. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശത്ത് കനത്ത പ്രതിഷേധമാണ് നിലനിൽക്കുന്നത്.
Also read: ദേശീയ പണിമുടക്ക് ആരംഭിച്ചു