query_builder Tue 29 Mar 2022 7:57 am
visibility 540

കീവ്: റഷ്യന്‍ അധിനിവേശം 34ാം ദിവസം പിന്നിടുമ്പോള്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് താക്കീത് നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അയാളോട് പറയൂ, ഞാന്‍ അവരെ പ്രഹരിക്കുമെന്ന് എന്ന കനത്ത വെല്ലുവിളിയാണ് പുടിന്‍ ഉയര്‍ത്തിയിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുക്രെയ്‌ന്റെ വ്യവസ്ഥകള്‍ അറിയിച്ചുള്ള സെലന്‍സ്‌കിയുടെ കയ്യക്ഷരക്കുറിപ്പ് പുടിന് നല്‍കിയപ്പോഴായിരുന്നു റഷ്യന്‍ പ്രസിഡന്റിന്റെ പ്രതികരണം. ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ഉടമയും അതിലുപരി റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ സമാധാന ചര്‍ച്ചക്ക് അനൗദ്യോഗിക മധ്യസ്ഥനുമായ റോമന്‍ അബ്രമോവിച്ചാണ് യുക്രെയ്ന്‍ പ്രസിഡന്റിന്റെ കയ്യക്ഷരക്കുറിപ്പ് പുടിന് കൈമാറിയത്. ഇസ്താംബുള്‍, മോസ്‌കോ, കീവ് എന്നിവിടങ്ങളിലായി ഒരു പ്രസിഡന്റില്‍ നിന്ന് മറ്റൊരാളിലേക്ക് സന്ദേശങ്ങള്‍ കൈമാറുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നയാളാണ് റഷ്യന്‍ ബിസിനസുകാരനായ റോമന്‍ അബ്രമോവിച്ച്.