ഇന്ത്യന്‍ കരകൗശലങ്ങളില്‍ യുവതലമുറ പാരമ്പര്യത്തെ കണ്ടെത്തുന്നു; ഒ ബൈ താമരയും വേദികയുമായി ചേര്‍ന്ന് പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു

GENERAL

ഗുജറാത്ത് സംസ്‌കാരത്തിന്റെ ഭാഗമായ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും ഭക്ഷണ വിഭങ്ങളുടെയും പ്രദര്‍ശനവും കലാ പരിപാടികളും ഇതോടൊപ്പം ഒരുക്കിയിരുന്നു

ഇന്ത്യന്‍ കരകൗശലങ്ങളില്‍ യുവതലമുറ പാരമ്പര്യത്തെ കണ്ടെത്തുന്നു; ഒ ബൈ താമരയും വേദികയുമായി ചേര്‍ന്ന് പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു Enlight News


തിരുവനന്തപുരം: ഇന്ത്യന്‍ കരകൗശലങ്ങളില്‍ യുവതലമുറ പാരമ്പര്യത്തെ കണ്ടെത്തുന്നു എന്ന വിഷയത്തില്‍ ഒ ബൈ താമരയും വേദിക ബൊട്ടീക്കുമായി ചേര്‍ന്ന് പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. വേദിക ബൊട്ടീക്കിന്റെ സ്ഥാപകയായ മൈത്രി ശ്രീകാന്തിന്റെ ഫാഷന്‍ ഡിസൈന്‍ ലോഞ്ച് ചെയ്യുന്ന അസ്യൂറിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗുജറാത്ത് സംസ്‌കാരത്തിന്റെ ഭാഗമായ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും ഭക്ഷണ വിഭങ്ങളുടെയും പ്രദര്‍ശനവും കലാ പരിപാടികളും ഇതോടൊപ്പം ഒരുക്കിയിരുന്നു. ഇന്ത്യന്‍ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രങ്ങളിലേക്കും സാംസ്‌കാരിക മുദ്രകളിലേക്കും യുവ തലമുറ മടങ്ങിപ്പോകുന്നത് നമ്മുടെ സംസ്‌കാരത്തിന് കരുത്താണെന്ന് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ശശി തരൂര്‍ എം.പി പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ നാഴികക്കല്ലായ സ്വദേശി പ്രസ്ഥാനത്തില്‍ നമ്മുടെ നാട്ടിലെ വസ്ത്രങ്ങളെയും ഉല്‍പ്പന്നങ്ങളെയും ഉയര്‍ത്തിക്കാട്ടിയാണ് സമരത്തിലേര്‍പ്പെട്ടത്. ഖദര്‍ ഉള്‍പ്പടെയുള്ള വസ്ത്രങ്ങള്‍ അത്തരം ദേശീയ പോരാട്ടങ്ങളുടെ അടയാളങ്ങളാണെന്നും നമ്മുടെ നാടിന്റെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയതയും സംസ്‌കാരവും നമ്മുടെ വസ്ത്രങ്ങളില്‍ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ നാടിന്റെ പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കാന്‍ നാം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൗരി പാര്‍വതി ഭായി തമ്പുരാട്ടി, അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ മുന്‍ ഡയറക്ടര്‍ ഡോ. ഡാര്‍ലി കോശി (ഐ.ഐ.ടി.ഡി), താമര ലീഷര്‍ എക്‌സ്പീരിയന്‍സസ് സി.ഇ.ഒ ആന്‍ഡ് ഡയറക്ടര്‍ ശ്രുതി ഷിബുലാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.