മൃതദേഹത്തിന് 7 ദിവസത്തെ പഴക്കം; വ്യക്തി വൈരാഗ്യമാവാം കൊലയ്ക്കു കാരണമെന്ന് മലപ്പുറം എസ് പി
GENERAL
പ്രതികളെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി

പാലക്കാട്: കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദിഖിന്റെ മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കം. വ്യക്തി വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നും ഹണി ട്രാപ്പാണോയെന്ന് വ്യക്തമായ സൂചനകളിലേക്ക് എത്തിയിട്ടില്ലെന്നും മലപ്പുറം എസ് പി എസ്. സുജിത് ദാസ് പ്രതികരിച്ചു. ചെന്നൈയിൽ പിടിയിലായ പ്രതികളെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ മാസം 18 നും 19 നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. കൊലപാതകത്തിന് ശേഷം രണ്ടു ബാഗുകളിലായാണ് സിദ്ദിഖിന്റെ മൃതദേഹം പ്രതികൾ അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചത്. പോസ്റ്റുമോർട്ട നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് നടക്കുക.
ഹോട്ടൽ ഉടമ സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയ സംഭവത്തിൽ മൂന്നു പേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത് . സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫർഹാന, ചിക്കു എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്.