നാളെ കടകള്‍ തുറക്കില്ല ; തിരുവനന്തപുരത്ത് വ്യാപാരികളുടെ പ്രതിഷേധമിരമ്പും

GENERAL

വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ അഞ്ച് ലക്ഷം വ്യാപാരികൾ പങ്കെടുക്കുന്ന പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും....

നാളെ കടകള്‍ തുറക്കില്ല ; തിരുവനന്തപുരത്ത് വ്യാപാരികളുടെ പ്രതിഷേധമിരമ്പും Enlight News


തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും നാളെ (ചൊവ്വാഴ്ച) അടച്ചിട്ടുകൊണ്ട് വ്യാപാരികളുടെ പ്രതിഷേധം തിരുവനന്തപുരത്ത് നടക്കും. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്രുത്വത്തിലാണ് പ്രതിഷേധ സംഗമം നടക്കുന്നത്. ഹരിത കർമ്മ സേനയുടെ പേരിൽ നടക്കുന്ന പകൽക്കൊള്ള, വ്യാപാര ലൈസൻസിന്റെ പേരിൽ നടത്തിവരുന്ന അന്യായമായ ഫൈൻ ഈടാക്കൽ, ഫുഡ് സേഫ്റ്റി രജിസ്ട്രേഷനുള്ളവരെ നിർബന്ധിച്ച് ലൈസൻസ് അടിച്ചേൽപ്പിക്കൽ, ലീഗൽ മെട്രോളജിയുടെ അനാവശ്യമായ കടന്ന് കയറ്റവും ഭീമമായ പിഴ ചുമത്തലും, അന്യായമായ വൈദ്യുതിച്ചാർജ്ജ് വർദ്ധനവ്, അനധികൃത വഴിയോര വാണിഭം, ഓൺലൈൻ വ്യാപാരത്തിന് സർക്കാരുകൾ നൽകി വരുന്ന പിന്തുണയും സഹായവും, ജി.എസ്.റ്റിയുടെ പേരിൽ നടത്തിവരുന്ന കാടൻ നിയമങ്ങൾ, തുടങ്ങിയവയുമായി ബന്ധപ്പെട്ട് 29 ആവശ്യങ്ങൾ അടങ്ങിയ നിവേദനം അഞ്ച് ലക്ഷം വ്യാപാരികളുടെ ഒപ്പ് സഹിതം നാളെ മുഖ്യമന്ത്രി പിണറായി വിജയന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേത്രുത്വത്തിലുള്ള സംഘം സമര്‍പ്പിക്കും. തുടര്‍ന്ന് വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ അഞ്ച് ലക്ഷം വ്യാപാരികൾ പങ്കെടുക്കുന്ന പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. അതേസമയം കടയടച്ചിട്ടുള്ള സമരരീതികൾ പ്രാകൃതമാണെന്നും ഉപഭോക്താക്കളെ ചെറുകിട വ്യാപാരികളിൽ നിന്നും അകറ്റാനാണ് അത്തരം സമരമാർഗങ്ങൾ വഴിവെച്ചതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ വിമത വിഭാഗം. ഇത്തരം സമരരീതികളിൽ ഇനിമുതൽ പങ്കാളികളാകില്ലെന്നും ഫെബ്രുവരി 13-ന് കടകൾ തുറക്കുമെന്നും വിമതവിഭാഗത്തിൻറെ നേതൃയോഗം വ്യക്തമാക്കി. വ്യാപാരി വിരുദ്ധവും ജനദ്രോഹപരവുമായ സമരപരിപാടികളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.